കേരളത്തിന്റെ നയാഗ്ര
--------------------------------------
മലയാള മണ്ണിന്റെ ദൃശ്യചാരുത നേരിൽ കണ്ടാസ്വദിക്കുവാൻ KSRTC ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂറിസം പരിപാടിക്ക് വിജയാ ഭിവാദ്യങ്ങൾ🌹
കാണുക , അറിയുക, അനുഭവിക്കുക, ആസ്വദിക്കുക എന്നതാണല്ലോ സഞ്ചാരത്തിന്റെ പ്രഥമ ലക്ഷ്യം. ഹരിത വനഭംഗിയുടെ ചാരു വിസ്മയം നേരിട്ടനുഭവിക്കാനുള്ള ദൗത്യവുമായിട്ടാണ് Oct. 7 നു മലക്കപ്പാറ യാത്രയ്ക്ക് KSRTC നെയ്യാറ്റിൻകര ടീമിനോടൊപ്പം ചേർന്നത്🍁
ഭാര്യ സുമംഗലയും ഞാനും ഉല്ലാസ വണ്ടിയിൽ കയറുമ്പോൾ പരിചിത മുഖങ്ങളെ തേടുകയായിരുന്നു മനസ് . ബസ്സിനകത്തേക്കു പ്രവേശിക്കുമ്പോൾ തന്നെ വിടർന്ന ചിരിയുമായി ഒരു യുവാവു വന്ന് സ്വാഗതമാശംസിച്ച് ഞങ്ങളുടെ ബാഗ് എടുത്ത് ലഗ്ഗേജ് കാരിയറിൽ വച്ചു. അതു മറ്റാരുമായിരുന്നില്ല; KSRTC നെയ്യാറ്റിൻകരയുടെ യുവ കോ ഓർഡിനേറ്ററും സഹയാത്രികനുമായ " വൈബ് റസീം " എന്നു വിളിക്കുന്ന റസീമായിരുന്നു. മധുരമായി പുഞ്ചിരി വിതറിക്കൊണ്ട് കോ ഓർഡിനേറ്റർ സജികുമാർ ചൂണ്ടിക്കാണിച്ച മുൻ സീറ്റിലിരുന്നപ്പോൾ സാരഥി ജി ജോ മനസ്സു നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്നേഹാഭിവാദ്യമറിയിച്ചു. കുതിച്ചു കൊണ്ടിരുന്ന ബസ്സിനുള്ളിലെ അപരിചിതരായ സഹയാത്രികരെ അഭിവാദ്യം ചെയ്തു കൊണ്ട് ഞാൻ കൈ വീശി. മുൻയാത്രയിൽ പരിചയപ്പെട്ട ശ്രീകാര്യം സ്വദേശി സജീവ കുമാറും ഭാര്യയും ഞങ്ങൾക്കു നേരെ സ്നേഹ പുഞ്ചിരി നീട്ടി. നിത്യഹരിത പുഞ്ചിരി പൊഴിച്ച് പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ശ്രീ. ശരത്ചന്ദ്രൻ സാർ കൈ വീശിയപ്പോൾ മനസ്സിൽ ആഹ്ലാദം നിറഞ്ഞു ശേഷിക്കുന്ന യാത്രികരെ വഴിയെ പരിചയപ്പെടാമെന്നുള്ള പ്രതീക്ഷയോടെ ഞങ്ങൾ സീറ്റിലിരുന്നു. അപ്പോഴാണ് കോ ഓർഡിനേറ്റർ സജികുമാറിന്റെ മൃദുഭാഷണത്തിന്റെ മധുര മറിഞ്ഞത്. ഇടയ്ക്കിടെ യാത്രികർ കയറിക്കൊണ്ടിരുന്നു. കായൽ മണുള്ള കാറ്റു വീശിയ ഒരിടത്തു നിന്ന് അവസാന സഞ്ചാരിയായ അജയകുമാറും കുടുംബവും കയറിയതോടെ ബസ്സിൽ ഉന്മേഷത്തിന്റെ തിരകൾ ഉണർന്നു.🌼
'സാർ...', പിൻസീറ്റിൽ നിന്നും ഒരു പെൺ ശബ്ദം നീട്ടി വിളിച്ചു ; ഞങ്ങൾ തിരിഞ്ഞു നോക്കി. യാത്രയോട് ഒടുങ്ങാത്ത അഭിനിവേശവും, KSRTC യോട് കടുത്ത ആരാധനയും നിറഞ്ഞ സമീര നിറഞ്ഞ പുഞ്ചിരിയോടെ പിന്നിൽ എഴുന്നേറ്റു നിന്ന് ഞങ്ങളെ അഭിവാദ്യം ചയ്തു 🌹
ദേശീയ പാതയിൽ കല്ലമ്പലത്തിനടുത്ത് ആയാംകോണം എന്ന സ്ഥലത്ത് ബസ് നിന്നു." ന്യൂ സുപ്രഭാതം റെസ്റ്റോറന്റി"ൽ നിന്നും സായാഹ്ന ചായക്കായി യാത്രികർ പുറത്തിറങ്ങിയപ്പോഴാണ് ഉല്ലാസപ്പറവകളുടെ മുഖങ്ങൾ കണ്ടത്. യുവത്വത്തിന്റെ പ്രസരിപ്പോടെ പുഞ്ചിരി വിതറിയ അവരിൽ ചിലരെ പരിചയപ്പെട്ടു. വീണ്ടും ബസ്സിലേക്ക്.. സജികുമാറിന്റെ മധുര സ്വരം മൈക്കിലൂടെ ഒഴുകിയെത്തി.. ഇനി നമുക്ക് സ്വയം പരിചയപ്പെടുത്തി പരസ്പരം അറിയുവാനും അറിയിക്കുവാനുമുള്ള അവസരമാണ്. പതിനൊന്നു കുട്ടികൾ അടക്കുള്ള യാത്രികരിൽ ഭൂരിപക്ഷവും വനിതകളായിരുന്നു. അഭിഭാഷകർ, മെഡിക്കൽ വിദ്യാർഥിനി, കണ്ടക്ടേഴ്സ്, തുടങ്ങി വിവിധ മേഖലകളിൽ പണിയെടുക്കുന്നവരും പണിയെടുത്തിരുന്നവരും സ്വയം പരിചയപ്പെടുത്തി. നഗരസഭാ ജീവനക്കാരൻ കാലടി ഗോപൻ ശബ്ദം കൊണ്ടെന്നെ ആകർഷിച്ചതിനെ ന്യായീകരിച്ചു കൊണ്ട് ഗോപന്റെ മധുരമാന്ത്രിക ശബ്ദത്തിൽ ആ മുഖ ഗാനം മുഴങ്ങി. കലാഭവൻ മണിയുടെ നാടൻ പാട്ടുകളായിരുന്നു പിന്നീടു കേട്ടത്. റസീമും ധന്യയും സന്തോഷ് കുമാറുമൊക്കെ ചേർന്ന് അനശ്വര കലാകാരൻ കലാഭവൻ മണിക്കുള്ള സ്മരണാഞ്ജലി ഗംഭീരമാക്കി🏵️
പകൽ വഴി മാറിക്കൊണ്ടിരുന്നപ്പോൾ കൊല്ലം നഗരം പിന്നിട്ട ആന വണ്ടി കിഴക്കിന്റെ വെനീസ് എന്ന വിഖ്യാത നഗരത്തിലേക്ക് പ്രവേശിച്ചു. മനുഷനേയും മണ്ണിനേയും അഷ്ടമുടിക്കായലിനേയും സ്നേഹിച്ച് ഉദാത്ത മാനവികതയ്ക്കുവേണ്ടി എഴുതിയും പാടിയും നടക്കുന്ന മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ എന്റെ മനസ്സിൽ നിറയാൻ തുടങ്ങി.
ഇടയ്ക്കിടെ മുഴങ്ങിയ നാടൻ പാട്ടുകൾക്കൊപ്പം കൊച്ചു കുട്ടികൾ നൃത്തം ചെയ്തു. ഇമ്പമാർന്ന പാട്ടുകളുമായി ഗോപൻ വീണ്ടും വിസ്മയം വിതറി. ഹൃദയസ്പർശിയായ മധുരഗാനം ആലപിച്ച സുമംഗല , ഭാവസാന്ദ്രമായ ഗാനത്തോടെ പ്രകാശൻ .. ഹിന്ദി ഗാനം ആലപിച്ച അർപ്പിത തുടങ്ങിയവർ കാതിൽ തേന്മഴയായി. നാടൻ പാട്ടിന്റെ തുടികൊട്ടിയ ധന്യയും സംഗീതയും, സന്തോഷ് കുമാറും യാത്രികരെ ആകർഷിച്ചു. പാട്ടും ആട്ടവുമായി റസീമും ഗോപനും കളം നിറഞ്ഞപ്പോൾ യാത്രികരുടെ മനസ്സിൽ ശേഷിച്ച വിരസത പുറത്തേക്കു പറന്നു പോയി.. ദേശീയ പാതയ്ക്കരുകിൽ ബസ് വീണ്ടും നിന്നു 🌼
സമയം 8 മണി , ചേർത്തലയായിരുന്നു സ്ഥലം." ഊട്ടുപുര " ഭക്ഷണശാലയിലേക്കു ഞങ്ങൾ പ്രവേശിച്ചു. അത്താഴവും കഴിഞ്ഞ് യാത്ര തുടർന്നപ്പോളായിരുന്നു , വന്യജീവി ഫോട്ടോ ഗ്രാഫർ പ്രകാശന്റെ മാന്ത്രിക സ്വര മധുരി ആസ്വദിക്കാനായത്. മലയാളത്തിന്റെ നിത്യ ഹരിത ഗാനങ്ങളും ചില്ലുമേടയിൽ അനശ്വരനായ ശ്രീ.കെ.എസ് ജോർജ് പാടി വച്ച നാടക ഗാനങ്ങളും ആലാപന മികവുകൊണ്ട് അദ്ദേഹം മധുരതരമാക്കി. കരോക്കയുടെ അകമ്പടിയോടെ കാലടി ഗോപൻ പാടിയ പാട്ടുകൾ സുന്ദര നിമിഷങ്ങളായി. മുരുകൻ കാട്ടാക്കടയുടെ "രേണുക " എന്ന വിഖ്യാത കവിത മികവോടെ അവതരിപ്പിച്ച ശ്രീമതി. ഗീതമ്മ നീണ്ട കരഘോഷം ഏറ്റുവാങ്ങി. ചിരിച്ചും താളം പിടിച്ചും അഭിഭാഷകരായ കിരണും പ്രിയ ചിത്രയും രാമകുമാരിയും ഗായകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പാട്ടിനെ സ്നേഹിച്ചു പ്രോത്സാഹിപ്പിച്ച ഫാത്തിമയും ചുവടു വച്ച കുട്ടികൾക്ക് ഉന്മേഷം പകർന്നു. കൈലാസ് എന്ന അഞ്ചാം ക്ലാസുകാരന്റെ ആലാപന മികവ് ഏറെ പ്രശംസനീയമായിരുന്നു.
അനുദിനം വളരുന്ന കൊച്ചി നഗരത്തിന്റെ നിരാതിരക്കുകൾക്കിടയിലൂടെ സാരഥി ജി ജോ വണ്ടി പായിച്ചു കൊണ്ടിരുന്നു. ആലുവാ പാലത്തിലേക്കു ബസ് കയറിയപ്പോൾ താഴെ ഒഴുകുന്ന ആലുവാപ്പുഴയെ നോക്കി കാലടി ഗോപൻ " ആയിരം പാദസരങ്ങൾ "പാടാൻ തുടങ്ങി. ഒറ്റപ്പാട്ടു കൊണ്ട് യാത്രികരുടെ മനസ്സിനെ ദേവദാരു പൂത്ത ഭൂതകാലത്തേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഗോപൻ🌹
താളമേളങ്ങൾ ജീവൻ പകർന്ന അടിപൊളി പാട്ടുകൾ മുഴങ്ങിയതോടെ എൽ.കെ.ജി. വിദ്യാർത്ഥിനി കൺമണിയുടെ നേതൃത്വത്തിൽ മറ്റു കുട്ടികളും കയ്യും മെയ്യും മറന്ന് നൃത്തം വച്ചപ്പോൾ എല്ലാ യാത്രികരും ആവേശം നെഞ്ചിലേറ്റി ആർത്തു വിളിച്ചു.
പൊള്ളുന്ന പകൽ ചൂട് ബസ്സിനകത്തു നിറച്ച ചൂടുകാറ്റിന്റെ ഉഷ്ണ കോശങ്ങൾ അലസമാക്കിയ മനസ്സുകളിലേക്ക് ഗോപനും റസീമും ധന്യയും സംഗീതയും ചേർന്ന് നാടൻ പാട്ടിന്റെ ഇശലുകൾ കോരി നിറച്ചു കൊണ്ടിരുന്നപ്പോഴേക്കും ബസ് ചാലക്കുടി പട്ടണത്തിലെത്തി. ആദ്യ ദിന യാത്രയ്ക്ക് തിരശീലയിടാൻ ഞങ്ങൾ ചാലക്കുടി "പ്രീമിയർ ടൂറിസ്റ്റ് ഹോമി "ലെത്തുമ്പോൾ സമയം രാത്രി 11.45 🥀
കാട്ടരുവിയുടെ സംഗീതം കേൾക്കുവാനുള്ള ആവേശം സിരകളിൽ നിറഞ്ഞപ്പോൾ ഉറക്കം ഭാഗികമായി. അതീവ രാവിലെ രണ്ടാം ദിനയായ്ക്കു തയ്യാറായി. ടൂറിസ്റ്റ് ഹോമിന്റെ പിന്നിലെ പ്രധാന റോഡിനോടു ചേർന്നുള്ള ദേവസിയുടെ ചായക്കടയിൽ നിന്നും ആവി പറക്കുന്ന ചായ കുടിച്ചപ്പോൾ ഉന്മേഷമായി. തിരികെ വന്ന് ഉല്ലാസ വണ്ടിയുടെ മുന്നിൽ നിന്ന് ഗ്രൂപ്പു ഫോട്ടോ സെഷനിലും പങ്കെടുത്തും ടൂറിസ്റ്റ് ഹോമിന്റെ വിശാലമായ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പുചങ്ങലയിട്ട ഊഞ്ഞാലിൽ ആടിയാടി മനസ്സിനെ ബാല്യത്തിന്റെ ഇടവഴികളിലൂടെ നടത്തി കൊണ്ടിരുന്നപ്പോൾ സജികുമാർ വിസിലടിച്ചു. യാത്ര തുടങ്ങാറായി. ചിതറി നിന്ന ഉല്ലാസ പറവകൾ പുഞ്ചിരി പൂക്കളുമായി വണ്ടിയിലേക്കു പ്രവേശിച്ചു. അല്പം കഴിഞ്ഞ് നഗരത്തിലെവിടയോ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. നഗരം വിട്ടതോടെ വന്മരങ്ങളുടെ തലപ്പാവുകൾ കണ്ടു തുടങ്ങി. ആതിരപ്പള്ളി വെള്ളച്ചാട്ടമായിരുന്നു ആദ്യത്തെ സന്ദർശന സ്ഥലം.
ബസ്സിറങ്ങി തേക്കു മരങ്ങൾ അതിരിട്ട നടപ്പാതയിലൂടെ നടന്നു. തറയോടു പാകിയ നടവഴിക്ക് വശങ്ങളിലായി ഇടയ്ക്കിടെ ചെറിയ ഇരിപ്പടങ്ങൾ ഒരുക്കിയിരുന്നു. ഒപ്പം നടന്നിരുന്ന പ്രകാശ് ഒരു നിമിഷം നിന്നു. സന്ദർശകരുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പ്ലാസ്റ്റിക് കവറുകളിലെ ആഹാരം തിന്നിട്ട് കവറുകൾ കുരങ്ങന്മാർ തിന്നാതിരിക്കാൻ അവയെ പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം നിന്നത്. ഇന്ത്യയിലെ എല്ലാ ഉൾവനങ്ങളിലും സഞ്ചരിച്ച് ചിത്രങ്ങളെടുക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ അദ്ദേഹത്തിന്റെ കരുണയും സഹജീവി സാഹോദര്യത്തേയും അറിഞ്ഞ നിമിഷം.
മരക്കൊമ്പിലും തറയിലും തുള്ളിച്ചാടി നടക്കുന്ന വാനര സംഘങ്ങളുടെ കലപില ഞങ്ങൾക്കു കൗതകമായി. നടവഴി രണ്ടായി തിരിഞ്ഞു. ഇടതു വശത്തുള്ള വഴിയിലൂടെ നടന്നാൽ വിഖ്യാതമായ ആ തിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗവും വിശാലമായ പുഴയും കാണാം. തീരത്ത് മൈതാനം പോലെ ചെറിയ ചരിവുള്ള പാറപ്പുറം. പുഴയിൽ വെള്ളം കുറവായിരുന്നു. പുഴ നിറയെ കരിമ്പാറകൾ എഴുന്നേറ്റു നില്ക്കുന്നു. അവയെ ആശ്ലേഷിച്ച് നയും പതയും തുപ്പി പരന്നൊഴുകി പ്രകൃതി നിർമ്മിച്ച കരിമ്പാറയിൽ നിന്നും താഴേക്കു പുഴ പതിക്കുന്ന കാഴ്ച അതീവ മനോഹരമാണ്. മടങ്ങിവന്ന് വലതു വശത്തുള്ള ചെറിയ വഴിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ വെള്ളച്ചാട്ടത്തിന് അഭിമുഖമായി നിന്നു. കേരളത്തിന്റെ നയാഗ്ര എന്നു വിളിക്കുന്ന വെള്ളച്ചാട്ടം എത്ര കണ്ടാലും മതി വരില്ല. നീഹാരബിന്ദുക്കൾ നിറഞ്ഞ അന്തരീക്ഷം. തലയ്ക്കു മുകളിൽ വെയിൽ പുടവ വിടർന്നു കിടന്നതിനാൽ നല്ല ചൂട് അനുഭവപ്പെട്ടു
മണൽ ഇല്ലാത്ത പുഴ നിറയുമ്പോൾ ജല ചില്ലുകൾ തീരത്തെ ചരിഞ്ഞ പാറയിൽ കാലത്തിന്റെ കവിത കുറിച്ചത് വായിക്കുവാനുള്ള ലിപി അറിയാത്തതു കൊണ്ട് വിസ്മയത്തോടെ നോക്കി നിന്നു. ജലമൊഴുകി വരച്ച നോവക്ഷരങ്ങൾ കാടിന്റെ വേദനയുടെ ശിലാലിഖിതങ്ങൾ എന്നിലും നോവുണർത്തി. വെള്ളച്ചാട്ടത്തിനു താഴെ ഒരാൾക്കിരിക്കാൻ പാകത്തിന് ഒരു ഓലഷെഡ്. അവിടെയും മുളവേലി കൊണ്ട് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു തേക്കു മരച്ചോട്ടിൽ നിന്ന് ഞാനും കിരണും ജലപാതം തീർത്ത നീഹാര മറയിൽ സൂര്യൻ വരച്ച ഏഴഴകിന്റെ മഴവിൽ ചന്ദം നോക്കി നിന്നു. ആവിപറക്കുന്ന ജലപാതത്തിന്റെ മുഴങ്ങുന്ന ശബ്ദതാളം ശ്രവിച്ച് ഞങ്ങൾ ഒരു വലിയ മരാവശിഷ്ടത്തിലിരുന്നു. അടുത്തു വന്ന വനം വകുപ്പു ജീവനക്കാരൻ മുത്തുവിനെ പരിചയപ്പെട്ടു. കാടും നാടും വിഴുങ്ങി വന്ന മല വെള്ളം നിറഞ്ഞ വാഴച്ചാൽ ആറിന്റെ പ്രളയകാല സംഹാരങ്ങളെപ്പറ്റി മുത്തു വിശദീകരിച്ചു. കാട്ടുമരങ്ങളും കാട്ടുജീവികളും നിറഞ്ഞ് കലങ്ങി ചുവന്ന വെള്ളമായിരുന്നു വെള്ളച്ചാട്ടത്തിൽ നിന്നും താഴേക്കു പതിച്ചത്. ജലശകാരങ്ങൾ നിറഞ്ഞ കെട്ട കാലത്തെപ്പറ്റി മുത്തു പറഞ്ഞ കഥകൾ കേട്ടുകൊണ്ടാണ് ഞങ്ങൾ കേരള നയാഗ്രയോടു വിട പറഞ്ഞത്. കരിങ്കല്ലു പാകിയ കുത്തനെയുള്ള വഴിയിലൂടെ നടക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ജലഗർജ്ജനങ്ങൾ നേർത്തു വന്നു. നിരപ്പായ ഒരിടത്ത് ദാഹമകറ്റാൻ നിന്നപ്പോൾ തേക്കുമര ചില്ലകളിലിരുന്ന കിളികളുടെ കലപില കേട്ടു. ഇരുണ്ടു തടിച്ച വാലുമായി ഓടി നടക്കുന്ന മരയണ്ണാനെ നോക്കി പേടിപ്പിക്കുന്ന വാനരന്മാർ സഞ്ചാരികൾ എറിഞ്ഞു കൊടുക്കുന്ന ബിസ്കറ്റു തുണ്ടുകൾക്കായി അടി കൂടുന്നതും കണ്ടു. സുമംഗല എറിഞ്ഞു കൊടുത്ത ചോക്ലേറ്റ് കവറുമായി ഒരു കുട്ടി വാനരൻ മരമുകളിൽ ഒളിച്ചിരുന്ന് ആർത്തിയോടെ തിന്നുന്നതും കണ്ട് ഞങ്ങൾ ആന വണ്ടിയുടെ അടുക്കലേക്കു നടന്നു. തേക്കു മരങ്ങൾ കുടപിടിച്ചിരുന്നതു കൊണ്ട് ഞങ്ങൾ പകൽച്ചൂടിന്റെ വേവറിഞ്ഞില്ല.🌻
സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ തലങ്ങും വിലങ്ങും പാർക്കു ചെയ്തിരുന്നു.ഒപ്പമുള്ള കുറച്ചുപേർ ബസിനുള്ളിലേക്കു കയയിരുന്നു. അപ്പോഴാണ് അറിയിപ്പു വന്നത്; "ദയവായി എല്ലാവരും ഒന്നു പുറത്തേക്കിറങ്ങണം..." ആനവണ്ടിയിലെ യാത്രക്കാരുടെ മുഖത്ത് ആകാംഷയും, അമ്പരപ്പും !
" നമ്മുടെ സുഗമമായ യാത്രയെ നയിക്കുന്ന കോ ഓർഡിനേറ്റർ സജി കുമാറും, സമർത്ഥനായ സാരഥി ജി ജോയും നമുക്കു തരുന്ന കരുതലിനെ നാം സ്നേഹത്തോടെ ഈ നിമിഷം ആദരിക്കുന്നു. പ്രമുഖ സാംസ്കാരിക നായകൻ ശരത് ചന്ദ്രൻ സാർ , സജികുമാറിനേയും ;
എഴുത്തുകാരൻ ഫൽഗുനൻ സാർ ജി ജോയേയും നമുക്കു വേണ്ടി പൊന്നാട അണിയിച്ച് ആദരിക്കുന്നു.." റസീമിന്റെ അറിയിപ്പിനെ സഹയാത്രികർ ഹർഷാരവത്തോടെ സ്വീകരിച്ചു . വെള്ളച്ചാട്ടത്തിൽ വിരിഞ്ഞ മഴവില്ലിന്റെ അഴകായിരുന്നു അപ്പോൾ ജി ജോയുടേയും സജികുമാറിന്റേയും ചിരി മുഖങ്ങളിൽ. റോഡിനിരുവശങ്ങളിലും നിന്നിരുന്നവർക്കും കൗതുക കാഴ്ചയായി. തുടർന്ന് നിബിഡ വനത്തിന്റെ ശീതളിമ ആസ്വദിച്ച് ഞങ്ങൾ വാഴച്ചാലിലേക്കു തിരിച്ചു🍀🍀
ബസ്സിനകത്ത് ഉത്സാഹത്തിന്റെ പുഴ ഒഴുകി കൊണ്ടിരുന്നു. തമാശാ ചോദ്യങ്ങൾ കൊണ്ടുള്ള പ്രശ്നോത്തരിയിൽ ഭൂരിപക്ഷം യാത്രക്കാരും പങ്കെടുത്തു. കോ ഓർഡിനേറ്റർ സജികുമാർ ഒന്നാം സ്ഥാനത്തിനുള്ള റെഡ് ക്യാപ് നേടി. മറ്റു വിജയി കൾക്കും ആ കർഷകമായ സമ്മാനങ്ങ ലഭിച്ചു. വാശിയോടെ നടന്ന അന്താക്ഷരി മത്സരത്തിൽ ജേതാക്കളായ A ടീം ക്യാപ്റ്റൻ സന്തോഷ് കുമാർ സമ്മാനമായി ലഭിച്ച മധുരപലഹാരം എല്ലാവർക്കുമായി പങ്കുവച്ചു . മികച്ച ഗായികാ ഗായകമാർ അണിനിരന്ന പ്രസ്തുത മത്സരം ഉന്നത നിലവാരം പുലർത്തി.
വാഴച്ചാലിൽ എത്തിയപ്പോൾ ചൂടേറിയിരുന്നു. പാറകളിൽ തട്ടിക്കളിച്ച്, പുളഞ്ഞും പതഞ്ഞും ഒഴുകുന്ന വഴച്ചാൽ നദിയുടെ സൗന്ദര്യം വ്യത്യസ്തമായിരുന്നു. തീരത്തെ തഴുകാതെ ഒഴുകുന്ന പുഴ നിറക്കുന്നത് ഷോളയാർ ഡാമിൽ നിന്നും വരുന്ന നിന്ത്രിത ജലവും , ഗോത്ര ഊരുകളിലെ മലകളിൽ നിന്നും ഒലിച്ചിറങ്ങുന്ന നീർച്ചാലുകളുമാണ്. വാഴച്ചാലൊഴുകി ചാലക്കുടിപ്പുഴയിലെത്തുന്നു. പിന്നതു നിറഞ്ഞൊഴുകി നിയോഗം പോലെ അറബിക്കടലിൽ ലയിക്കുന്നു. പുഴവെള്ളത്തിനോട് കാഴ്ചകൾ കൊണ്ട് കിന്നാരം പറയാനേ സന്ദർശകർക്ക് അനുവാദമുണ്ടായിരുന്നുള്ളു. സഞ്ചാരികളുടെ ജലപ്രണയത്തെ ഇരുമ്പു വേലികൾ തടഞ്ഞിരുന്നു. പുഴയോരത്തുകൂടെ ഞങ്ങൾ മുകളിലേക്കു നടന്നു. പുഴ പിഴുതിട്ട മര ശരീരങ്ങൾ... നിറഞ്ഞ പുഴ കയ്യുകൾ കവർന്നെടുത്ത തീരത്തെ മണ്ണടരുകൾ ... സന്തോഷവും സങ്കടവും നിറച്ച പുഴക്കാഴ്ചകൾ കണ്ട് ഞങ്ങൾ റോഡിലെത്തി. കട്ടൻ ചായയും പത്തിരിയും കഴിച്ച് വീണ്ടും ഉല്ലാസ വണ്ടിയിലേക്ക് ..
ഹരിതാഭ നിറഞ്ഞ വനസുന്ദരിയെ തേടി ഞങ്ങൾ മലക്കപ്പാറയിലേക്കു തിരിച്ചു. വന്യജീവികളുടെ ആവാസഗേഹമായ ഇരുണ്ട വനത്തിലൂടെയുള്ള യാത്ര ആവേശഭരിതമായിരുന്നു. സഹ്യപർവ്വത നിരകളിലെ ഉയരം കൂടിയവനാന്തരത്തിലെ വന്മരങ്ങൾ ആകാശത്തിലേക്കു വളർന്ന് പകലിനെ മറച്ചു പിടിച്ചു. ഇടക്കിടെ നീലാകാശത്തെ കാണാനും കഴിഞ്ഞു. ഇരുവശവും അനന്തമായ വനം നിറയെ പേരറിയാത്ത മരങ്ങൾ. താഴ്‌വരകളിൽ ചെറിയ ജലാശയങ്ങൾ . മലക്കപ്പാറയിലേക്ക് 55 കിലോമീറ്റർ യാത്ര. ഹരിത കേരളത്തിന്റെ നിറക്കാഴ്ചകൾ മനസ്സു നിറച്ചു . മലയെ കാർന്നു തിന്നാൻ വഴിയരുകിൽ കാത്തു കിടന്ന JCB യെ കണ്ടപ്പോൾ മനസ്സു നിറയെ നിരാശയുടെ ഉരുൾപ്പൊട്ടൽ . ആർത്തി മൂത്ത മനുഷ്യർ കാടിന്റെ ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുമ്പോൾ കാടിറങ്ങുന്നവന്യജീവികളുടെ നിരപരാധിത്വം ചിന്തിച്ച മനസ്സിൽ ക്ഷോഭം നുരയിട്ടു😉
ജി ജോ ബസ്സിന്റെ വേഗത കുറച്ചപ്പോൾ പുറത്തേക്കു ചൂണ്ടി സജികുമാർ പറഞ്ഞു ; "ആ കാണുന്നതാണ് പെൻ സ്റ്റോക്ക് പൈപ്പ് ലൈൻ. ലോവർ ഷോലയാർ ഡാമിൽ നിന്നും (അപ്പർ ഷോലയാർ തമിൾ നാട്ടിലാണ് ) താഴെക്കാണുന്ന പെരിങ്ങൽകുത്ത് ജലവൈദ്യുത നിലയത്തിലെ ടർബൈനുകൾ പ്രവർത്തിപ്പിക്കുവാൻ വേണ്ടി മർദ്ദം കൂടിയ ജലമെത്തിക്കുന്നത് ഈ പെൻ സ്റ്റോക്ക് പൈപ്പ് ലൈൻ വഴിയാണ് .." പുതിയ അറിവിന്റെ വാക്കുകൾക്കു നേരെ യാത്രികർ കയ്യടിച്ച് നന്ദി രേഖപ്പെടുത്തി.
മുന്നോട്ടോടാൻ തുടങ്ങിയ ബസ് വീണ്ടും പതുക്കെ നിന്നു. ഇടതു വശത്തേക്കു നോക്കാൻ ജി ജോ പറഞ്ഞു. ക്യാമറക്കണ്ണുകൾ മിഴി തുറന്നു. ശരീരം നിറയെ മണ്ണു പുരണ്ടു നില്ക്കുന്ന കരിവീരൻ. മരങ്ങൾക്കും പച്ചത്തലപ്പുകൾക്കും പിന്നിൽ തുമ്പിക്കെ ഉയർത്തി തീറ്റ തേടുന്ന സഹ്യപുത്രൻ . കാഴ്ചകൾ കണ്ട ആരോ വിളിച്ചു പറഞ്ഞു ; സഫലമീ യാത്ര. ആനക്കാഴ്ച പിന്നിലായി.. അല്പദൂരം കഴിഞ്ഞപ്പോൾ ഷിബു വിളിച്ചു കൂവി.." ദാ നിക്കണു ജഗജില്ലി..." വണ്ടി പതുക്കെ നിന്നു. എല്ലാവരും അങ്ങോട്ടു ശ്രദ്ധിച്ചു.. ക്യാമറ കണ്ണുകൾ ചിമ്മിക്കൊണ്ടിരുന്നു. ഒരു മഹാ വനത്തിന്റെ നിഗൂഡത മുഴുവനും ആവാഹിച്ച് തുറിച്ചു നോക്കുന്ന കാട്ടുപോത്ത്. തടിച്ചു കൊഴുത്തു കരിംപാറ പോലെ.. കറുത്ത ശരീരവും മുട്ടോളം വെളുത്ത കാലുകളുമുള്ള തടിയൻ കാട്ടുപോത്തിനെ കണ്ടു തീരും മുമ്പേ, മരങ്ങൾക്കിടയിൽ നിന്നും മറ്റൊരു കാട്ടുപോത്തും ഞങ്ങൾക്കു ദർശനം തന്നു. സഞ്ചാരികളുടെ നോട്ടങ്ങളെ പരിഹസിച്ചു കൊണ്ട് തടിച്ച വാലിളക്കി ഒച്ചവച്ച മലയണ്ണാൻ മരച്ചില്ലകളിലൂടെ ചാടിപ്പാഞ്ഞു പോയി. ജി ജോ ഞങ്ങളേയും കൊണ്ട് മുന്നോട്ട്. മലയടിവാരത്തിൽ മേഞ്ഞു നടക്കുന്ന കാട്ടുപോത്തിന്റെ മറ്റൊരു ഫാമിലിയെ ദൂരെക്കണ്ടു. വണ്ടി നില്ക്കുമ്പോഴൊക്കെ കിളികളുടെ കിന്നാരങ്ങൾ കേട്ടു. നിരന്തരമുള്ള ഗതാഗതം കാട്ടു പറവകളുടെ സ്വസ്ഥതയെ അലങ്കോലപ്പെടുത്തിയിരുന്നു. ഒടുങ്ങാത്ത വനം കാഴ്ചകൾ നീണ്ടുപോയി. ബസ്സിനകത്ത് പാട്ടു മേളങ്ങൾ തുടരുന്നു.
നഷ്ടമാകുന്ന നാടിന്റെ നന്മയെപ്പറ്റി നോവുന്ന ഒരു കവിത ശ്രീമതി സുമംഗല ആലപിച്ചപ്പോൾ നീറ്റലുണർന്ന ഹൃദയങ്ങൾ നീണ്ട കരഘോഷം മുഴക്കി. എരിഞ്ഞടങ്ങാത്ത മണിപ്പൂരിനെപ്പറ്റി യാത്രികരിലൊരാൾ രചിച്ച കവിത ശീമതി. ധന്യ ആശയ ഗാംഭീരത്തോടെ അവതരിപ്പിച്ചു കയ്യടി നേടി. വീണ്ടും ഗോപൻ നാടൻ പാട്ടിന്റെ ഈരടികൾ ചൊല്ലാൻ തുടങ്ങി. പാതക്കിരുവശങ്ങളിലുമുള്ള മലഞ്ചരിവുകളിലും കുന്നുകളിലും തേയിലക്കാടുകൾ വളർന്നു നിൽക്കുന്നു. അവയ്ക്കിടയിൽ ഉയർന്നു നിന്ന സിൽവർ ഓക്കുമരത്തിന്റെ മെല്ലിച്ച ശരീരത്തിൽ കുരുമുളകു വള്ളികൾ ആവേശത്തോടെ പുണർന്നിരുന്നു. ചിലയിടങ്ങളിൽ പേരറിയാ മരത്തിന്റെ തലനിറയെ തീമഞ്ഞ നിറമുള്ള പൂക്കളുടെ കീരീടങ്ങൾ. മേഘം തൊടുന്ന മലകളിൽ തേയിലക്കാടുകളുടെ ഹരിത കമ്പളം. കേരളാതിർത്തിയിലെ ചെക്ക്പോസ്റ്റിൽ ജി ജോ വണ്ടി നിർത്തി. ഇനി അങ്ങോട്ട് തമിൾ നാട്. മലക്കപ്പാറയിലെ മലയളത്തിന്റെ അതിരിനോടു ചേർന്നാണ് മല്ലിക ചേച്ചിയുടെ ചെറിയ ഹോട്ടൽ. അവിടത്തെ തിരക്കിൽ ചൂടുള്ള ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തേയിലക്കാടിനു മുകളിൽ മഴ ചാറാൻ തുടങ്ങി. ജലസ്പർശം കാത്തു നിന്നതേയില ചെടികൾക്കു മേൽ മഴ നനവിന്റെ പാടവിരിച്ചു. അതിന്മേൽ മദ്ധ്യാഹ്ന സൂര്യൻ വെയിൽ പൂക്കളെ കൊഴിച്ചിട്ടു. ചെക്ക്പോസ്റ്റിനകത്തു കയറി തിരിച്ചു വന്ന ബസ് മലക്കപ്പാറയിൽ നിന്നുള്ള മടക്ക യാത്രയുടെ ഗിയർ മാറ്റി.
കാടൊഴിഞ്ഞ കുന്നിൻ ചരിവുകളിൽ നിരന്നു നിന്നതേയില കാടുകൾക്ക് പകൽ വെട്ടം തിളക്കമായി. പതിവിലും നേരെത്തെ സൂര്യൻ പിൻവാങ്ങാൻ തുടങ്ങി. മാഞ്ഞു തീരാത്ത പകൽ വെട്ടത്തിൽ മറ്റൊരു കാട്ടാനയെ കണ്ടു. നീർച്ചാലിൽ നിന്നും വെള്ളം കുടിച്ചു കൊണ്ട് അവൻ ചുറ്റിലും നോക്കുന്നു. വനത്തിനു മുകളിൽ ഇരുളിന്റെ കാർബൺ പുതപ്പു വീഴുന്നതിനു മുമ്പേ മറ്റൊരു സംഘം കാട്ടുപോത്തുകളേയും വിദൂര കാഴ്ചയിൽ കണ്ടു.
വനം കാഴ്ചയെ കട്ടികൂടിയ ഇരുൾ വന്നു മൂടി. മലക്കപ്പാറ വനമൊരുക്കിയ നിത്യ ഹരിത കാഴ്ചയും പിൻവാങ്ങി. ജി ജോ മടക്ക യാത്രയ്ക്കു വേഗത കൂട്ടി. പേരറിയാത്ത ഒരിടത്തു നിന്ന് ചൂടു ചായ കുടിച്ചപ്പോൾ യാത്രികർക്ക് ഉന്മേഷം ഇരട്ടിയായി. കണ്ട കാഴ്ചകളിൽ മനസ്സ് ഉപേക്ഷിച്ച യാത്രക്കാർക്ക് ഉത്സാഹത്തിമർപ്പിനായി പാട്ടു സംഘം ആടിപ്പാടി ആർപ്പുവിളിച്ചു.
".... ഈ മനോഹര തീരത്തു തരുമോ ഇനിയൊരുജന്മം കൂടി...." ചന്ദ്രകളഭം ചാർത്തിയ മനസ്സുകളിലേക്ക് പഴയ സിനിമാ ഗാനം ഓടി വന്നു നിറഞ്ഞു.
യാത്രയിൽ ആർപ്പുവിളിയുടെ ഗർജ്ജനം മുഴക്കി ആവേശത്തിന്റെ തപ്പും താളവുമായി വിനയത്തോടെ സഹായ ഹസ്തവുമായി പാറി നടന്ന ശലഭമായിരുന്നു സമീര . യാത്രക്കാർക്കു വേണ്ടി കോ ഓർഡിനേറ്റർ സജികുമാർ സമീരയെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ അർഹതയ്ക്കുള്ള അംഗീകാരമായി ഹർഷാരവം മുഴങ്ങി.
ചാലക്കുടിയിൽ നിന്നും അത്താഴം കഴിച്ച് മയക്കത്തിനു തയ്യാറെടുക്കുന്ന സഞ്ചാരികൾക്ക് സജികുമാറിന്റെ അറിയിപ്പെത്തി : " ഈ യാത്രയെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓരോരുത്തരും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..."
ഓരോരുത്തരും സ്നേഹത്തിന്റേയും ആദരവിന്റേയും ഭാഷയിൽ ആഹ്ലാദം പങ്കിട്ട് സജികുമാറിനും ജി ജോയ്ക്കുമുള്ള നന്ദിയും കടപ്പാടും നിറഞ്ഞ മനസ്സോടെ അറിയിച്ചപ്പോൾ സാർത്ഥകമായ ഒരു വിനോദ യാത്രയുടെ ഉപസംഹരമായി.🌺
ജി ജോയ്ക്ക് മനസ്സുകൊണ്ട് ഞാനും അഭിവാദ്യമർപ്പിച്ചു. മനസ്സിൽ മായാതെ നിൽക്കുന്ന വസന്തോത്സവ കാഴ്ചയുടെ നിമിഷങ്ങൾ സമ്മാനിച്ച KSRTC ബജ്‌റ്റ് ടൂറിസം പരിപാടിയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകളുടെ നൂറു നൂറു ചെമ്പനീർ പൂക്കൾ🌹🌹🌹🌹🌹🌹🌹🌹
Comments
Post a Comment