ആനയെക്കാണാൻ ആനവണ്ടിയിൽ ഗവിയിലേയ്ക്ക് ഒരു യാത്ര.
===============================
സാധാരണജനങ്ങളേയും ഉദ്യോഗസ്ഥരായ ഇടത്തരക്കാരേയും ഉന്നംവച്ചുകൊണ്ട് KSRTC കുറച്ചുകാലമായി നടത്തിവരുന്ന ബഡ്ജറ്റ് ടൂർ പ്രോഗ്രാമിനെക്കുറിച്ച് പത്രവാർത്തയിലൂടെയും വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയും ഞാനറിഞ്ഞത് ഈയടുത്ത കാലത്താണ്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗവി, കുമരകം, വാഗമൺ, മൂന്നാർ, വയനാട് എന്ന സ്ഥലങ്ങളിലേക്ക് പല KSRTC ഡിപ്പോകളിൽ നിന്നും ട്രിപ്പുകൾ നടത്തുന്നുണ്ടന്നുമറിഞ്ഞു.
ആദ്യം ഗവിയിലേയ്ക് പോകാൻ തീരുമാനിച്ചു.മലയാളസിനിമയായ 'ഓർഡിനറി' യുടെ റിലീസോടുകൂടിയാണല്ലോ ഗവിയുടെ ഖ്യാതി മലയാളിയുടെ മനസ്സിലേയ്യ് കയറി വന്നത്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒരു വനപ്രദേശം. സീതത്തോട് പഞ്ചായത്താണങ്കിൽ
വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തും. പെരിയാർ ടൈഗർ റിസർവ്വിനകത്തു വരും ഗവി.
തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും ഈ മാസം 9 നുള്ള ഗവി ട്രിപ്പിൽ 2 ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ നാല് മണിക്ക് തിരുവനന്തപുത്ത് നിന്ന് യാത്ര തിരിച്ച് രാത്രി പതിനൊന്ന് മണിക്ക് തിരിച്ചെത്തുന്ന രീതിയിലുള്ള ഒൺ ഡേ ട്രിപ്പ്. ആകെ 34 പേരേ ഒരു ട്രിപ്പിൽ കാണുകയുള്ളൂ.
KSRTC ഡീലക്സ് എക്സ്പ്രസ് ബസ്സിൽ കൃത്യസമയത്ത് രാവിലെ നാല് മണിക്ക് പുറപ്പെട്ട് ആറര ആയപ്പോൾ പത്തനംതിട്ട ബസ് സ്റ്റേഷനിലെത്തി. രാവിലത്തെ ഭക്ഷണം കഴിച്ചതിനുശേഷം ഗവിയിലേയ്ക്ക് തിരിച്ചു. പത്തനംതിട്ടയിൽ നിന്നുമുള്ള യാത്ര നീളം കുറഞ്ഞ കുഞ്ഞൻ ഓർഡിനറി ബസ്സിലായിരുന്നു. കാട്ടിനകത്ത് റോഡ് വീതികുറഞ്ഞതും വളവുകൾ ഏറെ ഉള്ളതുംകൊണ്ടാണ് കുഞ്ഞൻ ബസ്സിനെ ആശ്രയിക്കുന്നത്. ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന റോഡ് ആയതിനാൽ കുണ്ടും കുഴിയും അധികമില്ലാത്ത റോഡ്. വടശ്ശേരിക്കര, ളാഹ, പ്ളാപ്പള്ളി വഴി എട്ടേമുക്കാലോടുകൂടി ആങ്ങാമൂഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി. കാട്ടിലൂടെ സഞ്ചരിക്കാനുള്ള പാസ്സ് അവിടെ നിന്നുമെടുക്കണം. ടൂർ കോ-ഓർഡിനേറ്റർ പാസ്സുകൾ വാങ്ങുന്നതിനിടയ്ക് ഇക്കോ ഷോപ്പിൽ നിന്നും ചില വനവിഭവങ്ങൾ വാങ്ങി. യാത്ര തുടർന്നു.
വന്യജീവികളെ അവരുടെ ആവാസസ്ഥലങ്ങളിൽ വച്ച് തന്നെ കാണുക, കാടിന്റെ വശ്യസൗന്ദര്യം ആസ്വദിക്കുക എന്നിവ കൂടാതെ പമ്പാനദിയും അതിന്റെ കൈവഴികളും അടങ്ങുന്ന പമ്പാബേസിനിലെ ഡാമുകളും അവയുടെ റിസർവോയറുകളും കാണുക, ഡാമുകളുടെ മുകളിലൂടെ നടക്കുക എന്നിവയും ഈ ടൂറിൽ സാധ്യമാണ്. ആദ്യമായി വരുന്നത് മൂഴിയാർ ഡാമാണ്. ഡാമിലൂടെ നടന്നതിനു ശേഷം യാത്ര തുടർന്നപ്പോൾ വലതു വശത്ത് താഴെ ശബരിഗിരി പവർ സ്റ്റേഷൻ കാണാം. കുറച്ചുകൂടി മുന്നോട്ട് പോയി ബസ് ഒരു സ്ഥലത്ത് നിർത്തി. കക്കി ഡാമിലെ റിസർവോയറിൽ നിന്നും ശബരിഗിരി പവർ സ്റ്റേഷനിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പിന്റെ കാഴ്ച കാണാൻ. പൈപ്പുകൾ തൊട്ടു നോക്കി ബലമെല്ലാം പരിശോധിച്ച ശേഷം യാത്ര തുടർന്നു.
പതിനൊന്നേകാലോടുകൂടി കക്കി ഡാമിനടുത്തെത്തി. റിസർവോയറിൽ ഏറെ താഴ്ചയിൽ കുഴിച്ചിട്ടുള്ള കിണറിൽ നിന്നാണ് പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കാനായി താഴേയ്ക്ക് കൊണ്ടുപോകുന്നത്. റിസർവോയറിന്റെയും അതിന്റെ ചുറ്റുമുള്ള വനപ്രദേശത്തിന്റെയും കാഴ്ച അതീവ സുന്ദരം തന്നെ. ടൂറംഗങ്ങളുടെ ഫോട്ടോഷൂട്ടിനുശേഷം യാത്ര തുടർന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആനത്തോട് ഡാമെത്തി. ഇവിടേയും ഡാമിന്റേയും റിസർവോയറിന്റെയും കാഴ്ചകൾ കണ്ടുനടന്നു. പന്ത്രണ്ടരയോടെ ഗവി ഫോറസ്റ്റ് സ്റ്റേഷനാഫീസിന്റെ പരിസരത്തെത്തി. പെരിയാർ ടൈഗർ റിസർവ്വിന്റെ ഒരു ഔട്ട് പോസ്റ്റ് കൂടിയാണിത്. പിന്നീട് പോയത് ഗവി എക്കോ ടൂറിസം പദ്ധതിപ്രദേശത്തേയ്ക്കാണ്. ഉച്ചയൂണും പമ്പാനദിയിലെ ബോട്ടിംഗും അവിടെയായിരുന്നു. ആറ് പേർക്ക് കയറാവുന്ന ചെറിയ ബോട്ട്. നദിയിലെ
വെള്ളത്തിന്റെ തണുപ്പും കാറ്റടിക്കുമ്പോൾ ചെടികളിലേയും മരങ്ങളിലേയും ഇലകളുടെ മർമ്മരവും അനുഭവിക്കേണ്ടതു തന്നെ. അവിടെ ഒരു ഒന്നര മണിക്കൂർ വിശ്രമിച്ചതിനുശേഷം വീണ്ടും കാട്ടിലേയ്ക്ക് തന്നെ.
പലയിടത്തും ബസ്സ് രണ്ടുവശത്തുമുള്ള ചെടികളെത്തട്ടിയാണ് പോകുന്നത്.
ആന,കടുവ, പുലി, കരടി,കാട്ടുപോത്ത് മുതലായ വലിയ വന്യ ജീവികൾ ഗവി കാട്ടിലുണ്ടെന്നും അതിനാൽ കാട്ടിനകത്ത് ടൂർ കോ- ഓർഡിനേറ്റർ പറയുന്ന സ്ഥലത്ത് മാത്രമേ ബസ്സിൽ നിന്ന് പുറത്തിറങ്ങാവൂ എന്നുമാണ് നിർദ്ദേശം തന്നിട്ടുള്ളത്. പ്രത്യേകിച്ച്, വന്യജീവികളെക്കണ്ടാൽ ഒച്ചയും ബഹളവുമുണ്ടാക്കാതെ വാഹനത്തിനകത്തിരുന്ന് അവരെ നിരീക്ഷിക്കുക മാത്രമേ ചെയ്യാവൂ. കുഞ്ഞൻ ബസ്സിന്റെ ഡ്രൈവർക്ക് ഏതൊക്കെ മൃഗങ്ങൾ എവിടെയക്കെ
കാണുമെന്ന് നിശ്ചയമുള്ളതിനാൽ ആ സ്ഥലങ്ങളിൽ ഒന്ന് നിർത്തി വിശദമായ നിരീക്ഷണം നടത്തിയാണ് യാത്ര. വണ്ടി ഓടിക്കുന്നതിനിടയിൽ ഇത് അദ്ദേഹത്തിന് എങ്ങിനെ സാധിക്കുന്നു എന്നോർക്കുമ്പോൾ അതിശയം തോന്നും. വണ്ടിക്കകത്തിരുന്ന് ചുറ്റുപാടും സൂക്ഷ്മമായി നോക്കിയിരിക്കുന്ന നാം കാണാത്തത് അദ്ദേഹം കാണും. ഈ യാത്രയിൽ കാട്ടുപോത്തിനേയും കുറയേറെ കരിങ്കുരങ്ങുകളേയും മാത്രമേ കണ്ടുള്ളൂ.
കാട്ടിനകത്ത് ഒരു സ്ഥലത്ത് echopoint ഉണ്ട്. അവിടെ വണ്ടി നിർത്തി. സ്വന്തം കൂവൽ തിരിച്ച് കേൾക്കാൻ താല്പര്യം ഉള്ളവർ കൂവൽ കർമ്മം നിർവ്വഹിക്കുകയും അതിന്റെ പ്രതിധ്വനി കേട്ട് ആനന്ദിക്കുകയും ചെയ്തു. പണ്ട് നമ്മുടേയും ശ്രീലങ്കയുടെയും പ്രധാനമന്ത്രിമാർ തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് കുറെ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികളെ ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. അവരുടെ സെറ്റിൽമെന്റ് കോളനികളുടെയടുത്തുകൂടി ബസ്സ് പോകുന്നുണ്ട്. ബസ്സ് വരുമ്പോൾ കുട്ടികൾ ബസ്സിനടുത്തേയ്ക്ക് വരാറുണ്ടന്ന് പറഞ്ഞിരുന്നു.പക്ഷെ ഒന്നു രണ്ടു പേരെ മാത്രമേ കണ്ടുള്ളൂ. പ്രസിദ്ധ യാത്രികനായ സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നതുപോലെ ഗവിയുടെ downtown കണ്ടു. സർക്കാരിന്റെ പൊതുവിതരണ കേന്ദ്രമുൾപ്പെടെ അഞ്ചാറ് കടമുറികളുള്ള ഒരു കെട്ടിടം. അത്ര തന്നെ. പിന്നെ ചെറിയ ഗവിയാർ ഡാം. മൂന്നേകാൽ മണി ആയപ്പോൾ വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെത്തി. കാട് തീർന്നു.
ഇനി മടക്കയാത്ര.
മടക്കയാത്ര വന്ന വഴിയിലൂടെയല്ല. വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴിയാണ് പത്തനംതിട്ടയ്ക്ക് മടങ്ങുന്നത്. പാമ്പനാറിനും പീരുമേടിനുമിടയ്ക്ക് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടും സന്ദർശിച്ചു- പരുന്തുംപാറ.മനോഹരമായ ഒരു കുന്നിൻ പ്രദേശം. അവിടെനിന്നുള്ള താഴ്വാരത്തിന്റേയും കുന്നുകളുടേയും മലകളുടേയും കാഴ്ച നയനാനന്ദകരം തന്നെ. നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉള്ളപ്പോഴാണ് അന്യസംസ്ഥാനങ്ങളിലുള്ള ഇത്രയും ഭംഗിയില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞ് നാം പോകുന്നത്.
രാത്രി എട്ട് മണിയോടെ പത്തനംതിട്ടയിൽ എത്തി. രാത്രി ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ കാത്ത് കിടന്ന ഡീലക്സ് എക്സ്പ്രസ് ബസ്സിൽ കയറി നേരെ തിരുവനന്തപുരത്തേയ്ക്ക്.
യാത്രയെക്കുറിച്ച് രണ്ട് പ്രധാന കാര്യങ്ങൾ കൂടി. ആനയുൾപ്പടെയുള്ള മൃഗങ്ങളെ അവയുടെ ആവാസപ്രദേശത്ത് വച്ച് തന്നെ കാണുകയെന്ന അഭിലാഷം സാധിക്കാത്തതിനാൽ അല്പം ദു:ഖമുണ്ടെങ്കിലും യാത്രയിലുടനീളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
രണ്ടാമത്തെ കാര്യം ചൂണ്ടിക്കാണിക്കാനുള്ളത് ഈ ടൂറിലുടനീളം യാത്രക്കാരോട് ടൂർ കോ- ഓർഡിനേറ്ററും ബസ് ഡ്രൈവർമാരും കാണിച്ച സഹകരണമനോഭാവമാണ്. അവർക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നിങ്ങളെയെല്ലാം ഈ യാത്ര നടത്താൻ ക്ഷണിക്കുന്നു.
Comments
Post a Comment