നൂറ് ഉല്ലാസ ദിനങ്ങൾ പൂർത്തിയാക്കി 'സിറ്റി റൈഡ്'
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ് " 100 ദിവസത്തെ സർവ്വീസ് പൂർത്തിയാക്കി
തലസ്ഥാനത്തെ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകിയ കെഎസ്ആർടിസിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് 100 ദിവസം സർവ്വീസ് പൂർത്തിയാക്കി. നഗരത്തിന്റെ കാഴ്ച്ചകൾ ആസ്വദിക്കുന്ന "സിറ്റി റൈഡ് " ട്രിപ്പുകളിൽ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിൽ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകൾ ആസ്വദിച്ചത്.
ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡിന്റെ നൂറാം ദിവസത്തെ യാത്രയ്ക്ക് ഫിൻലന്റ് സ്വദേശിയായ യാത്രക്കാർ ആരി കേക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ജി അനിൽകുമാർ (എക്സി. ഡയറക്ടർ - സൗത്ത് സോൺ), എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബി.ടി.സി), എന്നിവരും യാത്രക്കാരും പങ്കാളികളായി. മുൻപ് ഹെരിറ്റേജ് സർവ്വീസായി നാമമാത്ര ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തി പ്രതിമാസം 25000 രൂപ മാത്രം കളക്ഷൻ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളി 8.25 ലക്ഷം കളക്ഷനും ഈ സർവ്വീസിന് നേടാനായി. പ്രതിദിനം 8250 രൂപയുടെ കളക്ഷൻ നേടുന്ന നിലയിലേക്ക് ഈ സർവ്വീസ് വളർന്നു കഴിഞ്ഞു.
വൻ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല് 10 മണിവരെ നീണ്ടു നില്ക്കുന്ന “NIGHT CITY RIDE” ഉം “രാവിലെ 9 മണിമുതല് 4 മണി വരെ നീണ്ടുനില്ക്കുന്ന “DAY CITY RIDE” മാണ് നടത്തുന്നത്. ഈ രണ്ട് സര്വ്വീസിലും ടിക്കറ്റ് നിരക്ക് ഒരാൾക്ക് 250/-രൂപയാണ്. നഗരം സന്ദർശിക്കുന്നതിനായി എത്തുന്ന ഗ്രൂപ്പുകളെയും സ്കൂൾ കോളേജുകളെയും ഉദ്ദേശിച്ച് പകൽ സമയത്ത് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന മിനി സിറ്റി റൈഡും അവതരിപ്പിച്ചു. ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലും ഈ കാലയളവിൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് വിട്ടു നൽകി. കല്യാണ ഫോട്ടോഷൂട്ടുകൾക്കും സിനിമ, സീരിയൽ ആവശ്യങ്ങൾക്കും, പരസ്യ പ്രചാരണങ്ങൾക്കും, ബർത്ത്ഡേ പാർട്ടികൾക്കും ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് ആകർഷകമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതാണ്.
2022 ഏപ്രിൽ 18 ന് വൈകുന്നേരം 6.45 ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ബഹു:ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു: പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്ത ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ്" കുറഞ്ഞ കാലം കൊണ്ടു തന്നെ വിനോദ സഞ്ചാരികൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
Comments
Post a Comment